ടിവികെയുടെ അടുത്ത യോഗത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി; 5000 പേർക്ക് പങ്കെടുക്കാം, ഗതാഗതക്കുരുക്ക് പാടില്ല

തമിഴ്നാട് വെട്രി കഴകം അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. അടുത്ത വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ യോഗം നടത്താനാണ് അനുമതി നൽകിയത്. വിജയ് എത്തുന്ന പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ പാടില്ലെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. ഏകദേശം 5000 പേർ പങ്കെടുക്കുന്ന യോഗത്തിനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ടിവികെയുടെ റാലിക്ക് കടുത്ത ഉപാധികൾ മുന്നോട്ടു വച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന് ശേഷം ഇൻഡോർ പരിപാടികളുമായി മുന്നോട്ട് പോയിരുന്ന വിജയ്, ടിവികെയുടെ ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമായാണ് വീണ്ടും പൊതുയോഗത്തിനിറങ്ങുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷമുള്ള വിജയ്‌യുടെ നീക്കങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകരും അണികളും ഉറ്റുനോക്കുന്നത്.