നാട്ടില്‍ പോകുന്ന വഴിക്ക് കുട്ടികളെ പൊതിരെ തല്ലി ; ബീഹാ‍ര്‍ സ്വദേശി പൊലീസുകാരന്റെ കണ്ണില്‍പ്പെട്ടതോടെ കുടുങ്ങി.

ആലപ്പുഴ : കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദിച്ച സംഭവത്തെ തുടർന്ന് ബീഹാര്‍ സ്വദേശി പോലീസ് പിടിയില്‍. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ബീഹാര്‍ സ്വദേശി സുരേഷ് മാഞ്ചി (40) യെയാണ് പൊലീസ് പിടികൂടിയത്.

മദ്യലഹരിയില്‍ നാല് കുട്ടികളെ ഇയാള്‍ സ്റ്റേഷനില്‍ വെച്ച്‌ കുട്ടികളെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പെട്ട ശബരിമല ഡ്യൂട്ടിക്ക് എത്തിയ കൊല്ലം സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരാണ് ഇയാളെ പിടികൂടി റെയില്‍വേ പോലിസിനെ ഏല്‍പ്പിച്ചത്.

മാര്‍ബിള്‍ ജോലിക്കാരനായ ഇയാള്‍ വര്‍ഷങ്ങളായി നൂറനാട് ഭാഗത്താണ് താമസം. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ പിണിങ്ങിപ്പോയി. മദ്യത്തിനും മറ്റു ലഹരിക്കും അടിമയായ ഇയാള്‍ ആറ് മാസം മുൻപ് ഏറ്റവും ഇളയ കുട്ടിയെ നൂറനാട് ആശാൻ കലങ്കിന് സമീപം കെ.പി റോഡില്‍ റോഡിന് നടുവില്‍ കൊണ്ടുവെച്ച്‌ ഭീകരന്തരീഷം സൃഷ്ടിച്ച സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തിരുന്നു.

കുട്ടികളുമായി ബീഹാറിലേക്ക് പോകുവാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്റ്റേഷനിലെത്തിയത്. രണ്ടു കുട്ടികള്‍ അങ്കണവാടിയിലും മറ്റു രണ്ടു കുട്ടികള്‍ ഒന്നും, രണ്ടും ക്ലാസുകളിലും പഠിക്കുകയാണ്. മര്‍ദനമേറ്റ കുട്ടികളെ ആലപ്പുഴയില്‍ നിന്നെത്തിയ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏറ്റെടുത്തു.