കാസർഗോഡ് ക്ലീനിങ് ജോലിക്കെത്തിയ വീട്ടിൽ നിന്നും സ്വർണ്ണവും ഐഫോണും സ്മാർട്ട് വാച്ചും കവർന്ന കേസിൽ രണ്ട് യുവതികൾ പിടിയിൽ

കാസർഗോഡ് : ജോലിക്കെത്തിയ വീട്ടില്‍നിന്നും സ്വര്‍ണ്ണവും ഐഫോണും സ്മാര്‍ട്ട് വാച്ചും കവര്‍ന്നു, രണ്ട് യുവതികൾ അറസ്റ്റിൽ.

കയ്യാറില്‍ താമസക്കാരും പത്തനംതിട്ട സ്വദേശികളുമായ ബ്ലസി ഫിലിപ്പ് (24), ജാന്‍സി ഫിലിപ്പ് (26) എന്നിവരാണ് അറസ്റ്റിലായത്.

കുബണൂര്‍, ബി.സി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ നിന്നു ഐ ഫോണ്‍, മൂന്നേ മുക്കാല്‍പ്പവന്‍ സ്വര്‍ണ്ണം, സ്മാര്‍ട്ട് വാച്ച്‌ എന്നിവ മോഷ്ടിച്ചുവെന്നാരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇവര്‍ വീടുകളില്‍ എത്തി ക്ലീനിംഗ് ജോലി ചെയ്തു വരുന്നവരാണെന്ന് കണ്ടെത്തി.

ഒരു മാസം മുമ്ബ് ഇരുവരും കുബണൂറിലെ സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്കെത്തിയിരുന്നു. അന്നാണ് ഐ ഫോണ്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ കരുതിയിരുന്നത്.

എന്നാല്‍, ആഗസ്റ്റ് 24, 25 തിയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തിയപ്പോള്‍ കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേ മുക്കാല്‍പ്പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും നഷ്ടമായതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് സൈനുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍, മോഷണത്തിന് പിന്നില്‍ ജോലിക്കായി എത്തിയവരാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഇരുവരെയും വീണ്ടും ജോലിക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതില്‍, തങ്ങളാണ് കവര്‍ച്ച നടത്തിയതെന്ന കാര്യം ഇരുവരും സമ്മതിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പൊലീസ് മോഷണം പോയ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.