നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്എസ്യുഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനന്‍ രാജി വയ്ക്കണം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ മാഫിയാ ശൃംഖലയെ സിബിഐ ഉടന്‍ പിടികൂടുമെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമെന്നും ധര്‍മ്മേന്ദ്ര പ്രധാന് ഇന്നലെ പറഞ്ഞിരുന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദ മൂലമാണ് ആത്മഹത്യകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരനെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ കെമിസ്ട്രി പ്രൊഫസറും ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തിലെ അംഗവുമായ പി വി കുല്‍കര്‍ണ്ണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വന്തം വീട്ടില്‍ കോച്ചിംഗ് സെന്റര്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ കൈമാറുകയായിരുന്നു. ഇയാള്‍ക്ക് പുറമേ കേസില്‍ ഇതുവരെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
