വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത്‌ എംവിഡി

തൃശൂർ : വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ കണ്ടക്ടർ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനമായി. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തുകയായിരുന്നു ബസ് കണ്ടക്ടർ. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്നും ഈ അപമാനം ഏൽക്കേണ്ടി വന്നത്. വിദ്യാർത്ഥി കൺസഷൻ നിരക്ക് ആയതിനാൽ കുറച്ചു പേരെ മാത്രം കൊണ്ടു പോകാൻ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല.