ചിന്നക്കനാലിലെ 364.39 ഹെക്‌ടര്‍ ഭൂമി റിസര്‍വ് വനമാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു: നടപടി സി പി എം പ്രതിഷേധത്തിന് പിന്നാലെ

ഇടുക്കി : ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ മരവിപ്പിച്ചു.

വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടി. ചിന്നക്കനാല്‍ റിസര്‍വുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി തീര്‍ന്നതുമായ പ്രദേശം ചിന്നക്കനാല്‍ റിസര്‍വ് ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നതായി മന്ത്രി പറഞ്ഞു.