ജില്ലാ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടയം അയർക്കുന്നം പോലീസ്

അയർക്കുന്നം:  ജില്ലാ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.

ചങ്ങനാശേരി മാടപ്പള്ളി മൂങ്ങാക്കാവ് വീട്ടിൽ രമണന്റെ മകൻ രാഹുലിനെ (30) ആണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ അമയന്നൂർ ബ്രാഞ്ചിൽ 2022 ജൂൺ, ജൂലൈ മാസങ്ങളിൽ ക്ലാർക്കായി ജോലി ചെയ്തിരുന്നതിനിടെയാണു രാഹുൽ പണം തട്ടിയത്.

ബ്രാഞ്ചിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ചാണു പണം പിൻവലിച്ചത്. 2023ൽ നടത്തിയ ഓഡിറ്റിലാണു തട്ടിപ്പ് അറിയുന്നത്.

തുടർന്നു സെക്രട്ടറി പരാതി നൽകി. അയർക്കുന്നം പൊലീസ് കേസെടുത്തു. ഇതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഐപിഎസ്എച്ച്ഒ അനൂപ് ജോസ്, ജിഎസ്ഐ ജേക്കബ് പി.ജോയ്, എസ്‌സിപിഒ ജിജോ തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.