വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച നാളെ

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച തുടങ്ങും.

50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുല്‍ ഗാന്ധിയുടേയും പ്രതിനിധികള്‍ യോഗത്തിന് എത്തും.

മുസ്ലീം ലീഗ് ഡിവൈഎഫ്‌ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതല്‍ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍, പണിത് നല്‍കാൻ ഉദ്ദേശിക്കുന്ന വീടുകളുടെ രൂപരേഖ പ്രതീക്ഷിക്കുന്ന ചെലവ് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ധരിപ്പിക്കും.

ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണത്തിന് കണ്ടെത്തിയ എല്‍സ്റ്റോണ്‍ നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.