കാന്താര സിനിമയിലെ ദൈവീക രൂപത്തെ മോശമായി അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരെ കേസ്

‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ മോശമായി അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരേ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, മത വികാരം വ്രണപ്പെടുത്തി തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് രൺവീറിനെതിരെ കേസ് എടുത്തിരിക്കുന്നത്. നവംബർ 28ന് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ രൺവീർ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഇതിന് നേരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. ബെംഗളൂരുവിലാണ് നടന് എതിരെ പരാതി ലഭിച്ചിരിക്കുന്നത്. പൊലീസ് കേസ് എടുത്തിട്ടുണ്ട്.

റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത്. തുടർന്ന് വേദിയിൽ റിഷബിൻ്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വലിയ വിമർശനത്തിനിടയാക്കി. അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുകയെന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.