‘വിജയ്‌യുടെ വീട്ടിൽ തന്നെ തുടർന്നും താമസിക്കണം’; പുതിയ ഹർജിയുമായി കോടതിയെ സമീപിച്ച് നടൻ്റെ ഭാര്യ സംഗീത

തമിഴ് താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഇപ്പോഴിതാ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഹർജി നൽകിയതായി റിപ്പോർട്ട്. താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ താമസിക്കുന്ന വസതിയിൽ തനിക്ക് തുടരാനുള്ള അവകാശം ഉറപ്പാക്കുന്ന ഇടക്കാല ഉത്തരവ് നൽകണമെന്നാണ് സംഗീത കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കേ, തനിക്ക് വിജയ്‌യുടെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം നിഷേധിക്കപ്പെടുമോ എന്ന ആശങ്ക സംഗീത പ്രകടിപ്പിച്ചു. ഇതിനിടെ വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.