ജടുക്കി: മൂന്നാർ റോഡില്‍ യുവാക്കളുടെ അപകടകരമായ രീതിയിലുള്ള സാഹസിക യാത്ര തുടർക്കഥയാകുന്നു.
ഇന്ന് വൈകുന്നേരം മൂന്നാർ-മാട്ടുപ്പെട്ടി റോഡില്‍ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്.
കാറിന്റെ ഡോറിലിരുന്ന് ആർത്തുല്ലസിക്കുന്ന ചെറുപ്പക്കാരുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
തിരക്കേറിയ റോഡില്‍ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാക്കളുടെ സാഹസിക യാത്ര.
കായംകുളം – പുനലൂർ റോഡില്‍ വാഹനങ്ങള്‍ക്ക് വശം കൊടുക്കാതെ സ്കൂട്ടറില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. മൂന്ന് പേരാണ് സ്കൂട്ടറില്‍ സാഹസിക യാത്ര നടത്തിയത്. മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു. ഹെല്‍മറ്റ് പോലും വെക്കാത്ത മൂന്ന് പേരായിരുന്നു സ്കൂട്ടറിലെ യാത്രക്കാർ. അതില്‍ 2 പേര് പ്രായപൂർത്തിയാകാത്തവർ. ചാരുമൂട് ജംഗ്ഷനില്‍ നിന്ന് കിലോ മീറ്ററുകളോളും റോഡ് കൈയ്യടക്കിയായിരുന്ന മൂവർ സംഘത്തിന്റെ അഭ്യാസ പ്രകടനം.
പിന്നാലെ വന്ന വാഹനങ്ങളെ ഒന്നും കയറ്റി വിടാതെ റോഡില്‍ സ്കൂട്ടർ വട്ടം വെച്ചായിരുന്നു അഴിഞ്ഞാട്ടം. ഹോണ്‍ മുഴക്കിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്ക് നേരെ അസഭ്യം പറയലും അശ്ലീല ആംഗ്യം കാണിക്കലും നടത്തി.
മൂവർ സംഘത്തിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആർസി ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ്. ഒടുവില്‍ കണ്ടെത്തി. വീട്ടിലെത്തി വാഹനം പൊക്കി. സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസും സസ്പെന്റ് ചെയ്തു. അപടകരമായ ഡ്രൈവിങ്ങിന് കേസും എടുത്തിട്ടുണ്ട്.
