ബസ് കണ്ടക്ടര്‍റെ മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു; കഞ്ചാവടക്കം നിരവധി കേസുകളിലെ പ്രതി പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് കഞ്ചാവ് കേസ് പ്രതിയുടെ കുത്തേറ്റു.

ജെയിൻ ജെയിംസിനാണ് കുത്തേറ്റത്. പിന്നാലെ പ്രതി അബുവിനെ ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം നടക്കാവില്‍ ഇന്ന് വൈകീട്ടോടെയാണ് സംഭവം. കഞ്ചാവടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അബു. ജെയിൻ ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ടക്ടർ മുന്നോട്ടുകയറി നില്‍‍ക്കാനാവശ്യപ്പെട്ടതിനെ തുടർ‍ന്ന് ബസിനകത്തു വച്ച്‌ ഇരുവരും തമ്മില്‍ തർക്കം ഉണ്ടാവുകയും ഇയാള്‍ ജെയിൻ ജയിംസിനെ മർദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ ബസ് നിർത്തി.

തുടർന്ന് പുറത്തിറങ്ങിയ ഇരുവരും തമ്മില്‍ തർക്കം തുടർന്നതോടെ അബു അരയില്‍ കരുതിയിരുന്ന മദ്യക്കുപ്പി പൊട്ടിച്ച്‌ കണ്ടക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെയിൻ ജയിംസിനെ പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയായ അബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.