നടൻ സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയില്‍; ബംഗ്ലാദേശ് പൗരനാണോ എന്ന സംശയത്തില്‍ പൊലീസ്

മുംബയ്: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ബിജെ എന്ന മുഹമ്മദ് അലിയാൻ ആണ് പിടിയിലായത്.
ഇയാള്‍ക്ക് ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ളതായാണ് പൊലീസ് പറയുന്നത്.

താനെയിലെ ലേബർ ക്യാമ്പില്‍ നിന്ന് പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് രാവിലെ ഒൻപതുമണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

മുംബയിലെ പബ്ബില്‍ ജോലിക്കാരനാണ് പ്രതി. ഇയാളെ ബാന്ദ്രയിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തു. രാവിലെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.

ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ രേഖ കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ ഇയാള്‍ ബംഗ്ലാദേശ് പൗരനാണോ എന്നും സംശയമുണ്ട്. കെട്ടിട നിർമാണ തൊഴിലാളിയായും ഇയാള്‍ ജോലിനോക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് ഛത്തീസ്‌ഗഡിലെ ദുർഗില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. ശനിയാഴ്ച മദ്ധ്യപ്രദേശില്‍നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ദുർഗില്‍ നിന്ന് കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.