യാത്രക്കിടെ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരന് തുണയായത് ബസ് ഡ്രൈവർ റിൻഷാദും കണ്ടക്ടർ ആർ.ഷൈജുവും, അപസ്മാര ലക്ഷണം കാണിച്ചതോടെ ബസ് നിർത്തി പ്രഥമശുശ്രൂഷ നൽകി, ശേഷം അതേ ബസിൽ ആശുപത്രിയിലേക്ക്..

പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചു.

ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന നീലൂർ സ്വദേശിയായ 63കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്.

തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. 63കാരനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബസ് മുത്തോലിയിൽ എത്തിയപ്പോഴാണ് വയോധികൻ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ആളുടെ ഭാര്യയും ബസിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് ഇവർ‌ നോക്കുമ്പോഴാണ് ഭർത്താവ് കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടത്.

ഇദ്ദേഹം അപസ്മാര ലക്ഷണം കാണിച്ചതോടെ ബസ് നിർത്തി കണ്ടക്ടർ ആർ.ഷൈജു, ഡ്രൈവർ റിൻഷാദ് എന്നിവർ ചേർന്നു പ്രഥമശുശ്രൂഷ നൽകി. ശേഷം യാത്രക്കാരുമായി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരും ബസ് നിർത്താൻ ആവശ്യപ്പെടാതെ ബസിൽ ഇരുന്നു.

രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ച് പോയി യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കി യാത്ര തുടർന്നു. കണ്ടക്ടർ ഷൈജുവും ഡ്രൈവർ റിൻഷാദും മുണ്ടക്കയം – മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം എന്ന ബസിലെ ജീവനക്കാരാണ്.

ഈ റൂട്ടിൽ പകരം ഓടാനെത്തിയതാണ് ഷാജി മോട്ടോഴ്സ്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ആശുപത്രി അധികൃതർ അനുമോദനം അറിയിച്ചു.