യു കെ : യു കെ പൊതുതിരഞ്ഞെടുപ്പില്‍ താരമായി മലയാളി.
ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയും കോട്ടയം കല്ലറ കൈപ്പുഴ ഓണംതുരുത്ത് സ്വദേശിയുമായ സോജന് ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്ത് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്.
കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന് ജോസഫ് വിജയിച്ചത്.
കണ്‍സര്‍വേറ്റീവ് സ്ഥാനാർത്ഥി ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന് പരാജയപ്പെടുത്തിയത്. സോജന് ജോസഫിന് 15,262 വോട്ടുകളും (32.5 %) ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകളും (28.7 %) ആണ് ലഭിച്ചത്. റിഫോം യു കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്.
പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ അട്ടിമറി വിജയം നേടിയ സോജന്, തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഇടയ്ക്ക് ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് തോല്‍പ്പിച്ചത്.
1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു.
