കോട്ടയം: ദാഹിച്ച് വലയുമ്പോള്‍ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണം.
വേനല്‍ക്കാലത്ത് വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനമായതുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നതും സുരക്ഷിതമല്ല.
ശുദ്ധജലം, ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നത് അപകടകരമാണ്.
ഇത്തരം സാഹചര്യങ്ങളും കണക്കിലെടുത്ത് കുപ്പിവെള്ള നിർമ്മാണ ശാലകളിലും കടകളിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്.
വെയിലത്ത് തുറന്നിട്ട രീതിയില്‍ കുപ്പി വെള്ളം സൂക്ഷിക്കുക, തുറന്നിട്ട വാഹനത്തില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കുപ്പി വെള്ളം കൊണ്ടുപോകുക തുടങ്ങിയവയ്ക്കെല്ലാം പിഴ ഈടാക്കും.
