കോട്ടയം: നെഞ്ചെരിച്ചില്‍ കാരണം രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ?. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.
ഇത് അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, ഉറക്കം നഷ്ടപ്പെടുത്തുകയും അടുത്ത ദിവസം ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. നെഞ്ചെരിച്ചിലില്‍നിന്നും ആശ്വാസം നേടാൻ മരുന്നുകള്‍ സഹായിക്കും. പക്ഷേ നെഞ്ചെരിച്ചില്‍ തടയാൻ നിരവധി പ്രകൃതിദത്ത മാർഗങ്ങളുണ്ട്.
രാത്രിയിലെ നെഞ്ചെരിച്ചില്‍ അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികള്‍ ഡോ. സൗരഭ് സേഥി ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. രാത്രിയിലെ നെഞ്ചെരിച്ചില്‍ മാറിയാല്‍ ഉറക്കത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുവശം ചരിഞ്ഞ് ഉറങ്ങുക
ഉറങ്ങുന്ന പൊസിഷൻ വളരെ പ്രധാനമാണ്. പലർക്കും സ്ഥിരമായി ഉറങ്ങുന്ന പൊസിഷനുകള്‍ ഉണ്ടെങ്കിലും, നെഞ്ചെരിച്ചില്‍ കുറയ്ക്കാനുള്ള ഒരു മാർഗം ഉറങ്ങുന്ന പൊസിഷൻ മാറുക എന്നതാണ്. ഇടത് വശം ചരിഞ്ഞ് ഉറങ്ങുക. ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
പെരുംജീരകം
വയർ വീർക്കല്‍ മുതല്‍ ദഹനക്കേട് വരെയുള്ള ദഹന പ്രശ്നങ്ങള്‍ക്ക് പെരുംജീരകം മികച്ചതാണ്. നെഞ്ചെരിച്ചില്‍ മാറാനും പെരുംജീരകം സഹായിക്കും. പെരുംജീരകത്തില്‍ ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന അനത്തോള്‍ പോലുള്ള പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
