തൃക്കാക്കര: എറണാകുളം തൃക്കാക്കരയില്‍ വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു.
കളക്‌ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ
ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുകയായിരുന്നു.
അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആര്‍ടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്.
മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തിയത്.
ഹോട്ടലില്‍ നിന്ന് കഴിച്ച ചട്നിയാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. ആര്‍ടിഒയുടെ പരാതിയില്‍ ഭക്ഷ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി.
