സത്യപ്രതിജ്ഞ ആഘോഷമാക്കാൻ വെടിക്കെട്ട്, പുലിവാല് പിടിച്ച് ബിജെപി ഘടകം, ബിജെപി ഓഫീസിന് തീപിടിച്ചു

ഇന്‍ഡോര്‍: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഒരു ഗംഭീര ആഘോഷമാക്കി മാറ്റുന്നതിനിടെ എട്ടിന്റെ പണികിട്ടി. വെടിക്കെട്ട് നടത്തി ആഘോഷിക്കുന്നതിനിടെ ബി.ജെ.പി ഓഫീസ് തന്നെ കത്തിപ്പിടിച്ചു.

ഇന്‍ഡോറില്‍ ആണ് സംഭവം. ഏതായാലും സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്‍ഡോറിലെ ബിജെപി ഘടകം. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനിടെ പാര്‍ട്ടി ഓഫീസിന്റെ മുകള്‍നിലയിൽ തീപിടിക്കുകയായിരുന്നു.

ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുമ്പോള്‍ തന്നെ പടക്കം പൊട്ടിക്കാനും വെടിക്കെട്ട് തുടങ്ങാനുമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പദ്ധതി. സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിച്ച് ഏകദേശം 9.15ഓടെയാണ് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ടിനിടെ നാലുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സമീപവാസികളാണ് തീ കണ്ടത്.

ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കിടന്നിരുന്ന പ്ലൈവുഡിലേക്കും സോഫയിലേക്കും പൂത്തിരി വീണതാണ് വിനയായത്. ഇത് ആളിക്കത്തി മുകള്‍നിലയിലാകെ തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.