തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കനക്കുന്നു.
നേരത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ മുന്നറിയിപ്പ് ഏറ്റവുമൊടുവില്‍ പ്രവചിച്ചത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും.
തെക്ക് – കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.
ഇതിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ മഴ കനത്ത രീതിയില്‍ തുടരുമെന്നാണ് വിവരം.
അതേസമയം ഇന്ന് മധ്യ – തെക്കൻ കേരളത്തില്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തൃശ്ശൂർ മുതല്‍ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യും.
