കേരളം ബിജെപിക്ക് ഭരിക്കാം, പക്ഷേ എല്ലാം സുരേഷ് ഗോപിയുടെ കയ്യില്‍; കേരളത്തിലെ അനുകൂല സാഹചര്യം പരമാവധി മുതലാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം; മാസ്റ്റര്‍പ്ലാനിന് പിന്നില്‍ നരേന്ദ്ര മോദി

തിരുവനന്തപുരം: ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളുണ്ടെന്നും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ അനുസരിക്കാതെ തരമില്ലായിരുന്നു.

സിനിമകളുടെ തിരക്ക് കഴിയുന്നത് വരെ സഹമന്ത്രിയായി തുടരണം എന്നാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ക്യാബിനറ്റ് പദവി എന്നതാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ അനുകൂല സാഹചര്യം പരമാവധി മുതലാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍. കേരളത്തെ സംബന്ധിച്ച്‌ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാഹചര്യമുള്ള ടൂറിസം വകുപ്പിലേക്ക് സുരേഷ് ഗോപിയെ പ്രതിഷ്ഠിച്ചതിന് പിന്നിലും മോദിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തെ വലിയ നേട്ടമായിട്ടാണ് ബിജെപി കാണുന്നത്. തോല്‍പ്പിച്ചത് ചില്ലറക്കാരെയല്ല എന്ന പ്രത്യേകതയുമുണ്ട് ആക്ഷന്‍ ഹീറോയുടെ മിന്നും ജയത്തില്‍.