“ഇനി മുതൽ ഇവൾ നില “; പത്ത് ദിവസം മാത്രം പ്രായം; തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 601ാമത്തെ കുഞ്ഞെത്തി

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി.

10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞാണ് അമ്മത്തൊട്ടിലില്‍ പുതുതായി എത്തിയത്.
മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേര് നല്‍കിയത്.

നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണ് പുതിയ അതിഥി.

ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകല്‍ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്.

തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 601 -ാ മത്തെ കുരുന്നാണ് നിലാ. ഒരു വർഷത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെണ്‍കുഞ്ഞുമാണ് നിലാ. 2024-ല്‍ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച്‌ സമിതിയില്‍ നിന്നും യാത്രയായത്.