തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അതേസമയം, ഇടിമിന്നലിൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
