കോട്ടയത്ത് 20 വർഷം പഴക്കമുള്ള ബൈക്കിന് രജിസ്ട്രേഷൻ പുതുക്കാനെത്തിയപ്പോൾ സീറ്റ് ബെൽറ്റ് ഇല്ലാതെ ഓടിച്ചതിന് പിഴയടയ്ക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; ഒടുവിൽ പിഴയടച്ച് തടിയൂരി വാഹന ഉടമ

കോട്ടയം: 20 വർഷം പഴക്കമുള്ള ബൈക്കിൻ്റെ രജിസ്ട്രേഷൻ പുതുക്കാനായി ആർടി ഓഫീസിലെത്തിയ വാഹന ഉടമ നേരിട്ടത് ഞെട്ടിക്കുന്ന സംഭവം.

സീറ്റ് ബെൽറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് തമിഴ്നാട്ടിൽ നിന്നും ഫൈൻ അടിച്ചിട്ടുള്ളതായും ഇത് കുടിശിഖയായി കിടക്കുന്നതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹന ഉടമയെ അറിയിക്കുകയായിരുന്നു.

KL05 P 8868 എന്ന വാഹനം സീറ്റ് ബെൽറ്റ് ഇല്ലാതെ ഓടിച്ചതായും 100 രൂപ ഫൈൻ അടക്കാനുണ്ടെന്നും അധികൃതർ അറിയിച്ചതിനെ
തുടർന്ന് വാഹന ഉടമ തേനി ആർ ടി ഓഫീസുമായി ബന്ധപ്പെടുകയും ഫൈൻ അടക്കുകയും ചെയ്തു.

ഇതോടെയാണ് ബൈക്കിൻ്റെ രജിസ്ട്രേഷൻ പുതുക്കി നൽകിയത്.

സംസ്ഥാനത്ത് എഐ ക്യാമറകൾ വന്നതോടെ ഇരുചക്രവാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇല്ലാതെയും കാർ ഡ്രൈവർമാർക്ക് ഹെൽമറ്റ് ധരിക്കാതെ ഓടിച്ചതിനും വ്യാപകമായി പിഴ ഈടാക്കുന്നത് വിവാദമാവുകയാണ്.