ചുങ്കത്തെ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു; നേരെ പോയത് കോട്ടയം ലുലുമാളിലേയ്ക്ക്; 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങി; പ്രായപൂര്‍ത്തിയാകാത്ത രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ

കോട്ടയം: ചുങ്കത്തെ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളില്‍ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളെ അകത്താക്കി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം.

ഞായറാഴ്ച നടന്ന മോഷണക്കേസിലെ പ്രതികളെയാണ് 48 മണിക്കൂർ തികയും മുൻപ് ഗാന്ധിനഗർ എസ്.എച്ച്‌.ഒ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അകത്താക്കിയത്.

മോഷ്ടിച്ച പണവുമായി നേരെ ലുലുമാളില്‍ പോയ സംഘം, 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങിയിരുന്നു. പുതിയ ചൂണ്ടയുമായി മീനച്ചിലാറ്റിലെത്തി ചൂണ്ടയിട്ട് മീൻ പിടിച്ച ശേഷമാണ് യുവാക്കള്‍ മടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ചുങ്കത്ത് പ്രവർത്തിക്കുന്ന മെഡിജെൻ മെഡികെയർ പ്രൈവറ്റ് ലിമിറ്റഡില്‍ മോഷണം നടന്നത്. തിങ്കളാഴ്ച ഇവിടെ എത്തിയ ജീവനക്കാരാണ് വാതില്‍ തകർത്ത് പണം അപഹരിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇത് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രതികള്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പൊലീസ് അല്‍പം കുഴഞ്ഞു.

പിന്നീട് തന്ത്രം മാറ്റിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.