തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍, പാലക്കാട് മണ്ഡലത്തില്‍ ആദ്യ റൗണ്ടില്‍ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് മുന്നേറുന്നു.
ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുകയാണ്. ഇവിടെ വോട്ട് വർധിപ്പിക്കാനായാല്‍ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിക്കാം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് 2,636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
വയനാട്ടില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് കാല്‍ ലക്ഷത്തിനടുത്ത് വോട്ടിൻ്റെ ലീഡായി. 24227 വോട്ടിൻ്റെ ലീഡാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.
പാലക്കാട് ബിജെപിക്ക് കൂടുതല്‍ സ്വാധീനമുളള നഗരസഭയില്‍ ഇത്തവണ വോട്ടുകള്‍ കുറഞ്ഞു. ബിജെപി വോട്ട് ചോർന്നത് കോണ്‍ഗ്രസിലേക്കാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 111 വോട്ടും വർധിച്ചു.
പോസ്റ്റല്‍ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോള്‍ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ചേലക്കരയില്‍ യുആർ പ്രദീപും വയനാട്ടില്‍ പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു മുന്നേറ്റമുണ്ടാക്കിയത്. വയനാട്ടില്‍ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.
