പക്ഷിപ്പനി: ആലപ്പുഴ ജില്ലയില്‍ കള്ളിങ് പുരോഗമിക്കുന്നു

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു.

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി.

നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളില്‍ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്ബലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളില്‍ കള്ളിങ് പുരോഗമിക്കുകയാണ്.

കുമാരപുരം പഞ്ചായത്തില്‍ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. തകഴിയില്‍ 286 പക്ഷികളെയും കരുവാറ്റയില്‍ 715 പക്ഷികളെയും, നെടുമുടിയില്‍ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നല്‍കിയത്.

പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച്‌ കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച (ഡിസംബർ 29) അണുനശീകരണം നടത്തും.