സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വകാര്യ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; തലയ്ക്ക് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വകാര്യ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.

സ്‌കൂളില്‍നിന്ന് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ടെമ്പോ വാന്‍, പോത്തന്‍കോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം ഇറക്കത്തില്‍ നിയന്ത്രണംവിട്ട് തിട്ടയില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഉടന്‍തന്നെ പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കുപറ്റിയ രണ്ടു കുട്ടികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.