അട്ടപ്പാടി ദുരന്തം: കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയത് മരണത്തിലേക്ക് നയിച്ചു; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ കരുവാര ഉന്നതിയില്‍ മരിച്ച നാലുവയസുകാരൻ അജിനേഷിനും ഏഴുവയസുകാരൻ ആദിക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

 

ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലുമാണ് പരിക്കേറ്റത്. തുടയെല്ലിലെ മുറിവിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ആദിയുടെ മരണകാരണം. അജിനേഷിന് തലയിലും നെഞ്ചിലുമാണ് ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നത്.

 

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും, ആദിയെ കൊണ്ടുവരുമ്ബോള്‍ നേരിയ അനക്കമുണ്ടായിരുന്നുവെന്നും കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിന് മൊഴി നല്‍കി. തുടയെല്ലിലെ പൊട്ടല്‍ മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനു മുമ്പേ മരണം സംഭവിച്ചുവെന്നും അധികൃതർ മൊഴിയില്‍ കൂട്ടിച്ചേർത്തു.

 

പാലക്കാട് അട്ടപ്പാടിയിലെ കരുവാര ഊരില്‍ നവംബർ 8-നാണ് ദാരുണമായ സംഭവം നടന്നത്. പാതി പണി പൂർത്തിയായ, ഉപയോഗശൂന്യമായി കിടന്നിരുന്ന വീട് ഇടിഞ്ഞാണ് സഹോദരങ്ങളായ ആദി (7), അജിനേഷ് (4) എന്നിവർക്ക് ജീവൻ നഷ്ടമായത്. അപകടത്തില്‍ ബന്ധുവായ അഭിനയ (6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിലവില്‍ ചികിത്സയില്‍ കഴിയുകയുമാണ്.

 

വനത്തിനുള്ളില്‍ മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ഊരിലാണ് അപകടം നടന്നത്. മേല്‍ക്കൂരയില്ലാത്തതും മഴയും വെയിലുമേറ്റ് ദുർബലമായതുമായ ഈ വീടിന്റെ സണ്‍ഷേഡില്‍ കുട്ടികള്‍ സ്ഥിരമായി കയറി കളിക്കാറുണ്ടായിരുന്നു.

 

സ്കൂളില്ലാത്ത ദിവസം കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടം നടന്ന വീടിന് തൊട്ടടുത്താണ് കുട്ടികളുടെ വീട്. അപകടത്തില്‍പ്പെട്ട കുട്ടികളെ വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. അജയ്-ദേവി ദമ്ബതികളുടെ മക്കളാണ് മരിച്ചത്.