നടൻ മുകേഷിനെതിരായ ലൈം​ഗികാരോപണ കേസ്: പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈം​ഗികാരോപണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ​ ഹോട്ടലിൽ വച്ച് നടിയെ ബലാത്സ​ഗം ചെയ്തുവെന്നാണ് മുകേഷിനെതിരായ കേസ്.

വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈം​ഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പോലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

നടൻ ഇടവേള ബാബുവിനെതിരായ പീഡനാരോപണ കേസിലും കുറ്റപത്രം സമർപ്പിച്ചു. ‘അമ്മ’യിൽ അം​ഗത്വം എടുക്കുന്നതിന് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടുവെന്ന നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.