മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അറസ്റ്റ്; മലയാളി വൈദികനടക്കം 12 പേർക്കും ജാമ്യം

മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് കോടതി ജാമ്യം അനുവദിച്ചു. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. വറൂട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും തിങ്കളാഴ്ച്ചകളില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ ജനുവരി 13ന് നടക്കും. പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ വീടിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കിയതെന്നും പോലീസെത്തി സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവെന്നും സുധീർ പറഞ്ഞു. മതപരിവർത്തനം എന്ന് പറയുന്നത് തന്നെ അപലപനീയമാണെന്നും അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പിറന്നാളാഘോഷത്തിന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സുധീറിൻ്റെ പ്രതികരണം.

ഇന്നലെയായിരുന്നു നാഗ്പൂരിൽ മലയാളി വൈദികനെയും ഭാര്യയേയും അടക്കം അറസ്റ്റ് ചെയ്തത്. ആദ്യം ആറോളം പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ആറ് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്തയച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയും ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിരുന്നു.