കനത്ത മഞ്ഞുവീഴ്ച; പുതുവർഷാഘോഷ പ്ലാനുകൾ തകർത്തു, ഡൽഹിയിൽ 148 വിമാനങ്ങൾ റദ്ദാക്കി

2025ന്റെ അവസാന ദിനത്തിൽ കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. ഇന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കി. 150ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്. കനത്ത മൂടൽമഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. വിമാന സർവീസിനൊപ്പം ട്രെയിൻ യാത്രയ്ക്കും മൂടൽമഞ്ഞ് തടസ്സം സൃഷ്ടിച്ചു. ഒട്ടേറെ ട്രെയിനുകൾ ഇക്കാരണത്താൽ വൈകിയാണ് പുറപ്പെട്ടത്.