‘കരുതല്‍ കണ്ണുകള്‍ വേണം’; ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും മഴക്കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് മഴ നനയാതിരിക്കാൻ കുടയും മഴക്കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി എംപി.

ആശാവർക്കർമാർക്കുനേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വയ്ക്കണം. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കും. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മഴ നനയാതിരിക്കാൻ ആശാവർക്കർമാർ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴായിരുന്നു പൊലീസിന്റെ നടപടി. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

ടാർപോളിൻ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവർക്കർമാർ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണർത്തിയാണ് ടാർപോളിൻ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവർക്കർമാർ കയർത്തെങ്കിലും പൊലീസ് അയഞ്ഞില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.