യോഗ്യത പ്ലസ് ടു; കരസേനയില്‍ ഓഫീസറാകാൻ സുവര്‍ണാവസരം; ജൂണ്‍ 12 വരെ അപേക്ഷിക്കാം

കോട്ടയം: കരസേനയില്‍ ഓഫീസറാകാൻ സുവർണാവസരം.

ആർമി പ്ലസ് ടു ടെക്നിക്കല്‍ എൻട്രി സ്‌കീം (പെർമന്റ് കമ്മിഷൻ) 54ാം കോഴ്സിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

90 ഒഴിവുകളാണുള്ളത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 2026 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഓണ്‍ലൈൻ വഴി ജൂണ്‍12 വരെ അപേക്ഷിക്കാൻ സാധിക്കും.

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച്‌ അറുപത് ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമായ കോഴ്സുകളാണ് യോഗ്യത. അപേക്ഷകർ ജെഇഇ (മെയിൻ) 2025 എഴുതിയവരായിരിക്കണം. 2006 ജൂലായ് രണ്ടിന് മുൻപും 2009 ജൂലായ് ഒന്നിന് ശേഷവും ജനിച്ചവരാകരുത്.

നാല് വർഷത്തെ പരിശീലനം പൂർത്തിയാകുന്നവർക്ക് എഞ്ചിനിയറിംഗ് ബിരുദം ലഭിക്കും. പരിശീലനത്തിന് ശേഷം ലെഫ്റ്റനന്റ് റാങ്കിലാകും നിയമനം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എസ്‌എസ്ബി അഭിമുഖത്തിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമാണ് അഭിമുഖം. ഇതോടൊപ്പം വൈദ്യപരിശോധനയും നടക്കും.