ഒന്നിലധികം ഇന്ത്യൻ റെയില്‍വേ സേവനങ്ങള്‍ ഇനിമുതൽ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍; ‘സ്വറെയില്‍’ പുതിയ ബുക്കിംഗ് ആപ്പ് അവതരിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വെ

കൊച്ചി: യാത്രക്കാർക്ക് വേണ്ടി ‘സ്വറെയില്‍’ എന്ന പേരില്‍ പുതിയ ബുക്കിംഗ് ആപ്പ് അവതരിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വെ.

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാൻ സാധിക്കും. ടിക്കറ്റ് ബുക്കിംഗ്, ലൈവ് ട്രാക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ഭക്ഷണം ഓർഡർ ചെയ്യല്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്.

സെന്റർ ഫോർ റെയില്‍വെ ഇൻഫർമേഷൻ സിസ്റ്റം ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്.
ഒന്നിലധികം ഇന്ത്യൻ റെയില്‍വേ സേവനങ്ങള്‍ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച്‌ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് നിലവിലുള്ള ഐആർസിടിസി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവർ പഴയ ഐആർസിടിസി യൂസർനെയിമും പാസ്‌വേർഡും നല്‍കിയാല്‍ മതി. പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തും ഉപയോഗിക്കാം.

ട്രെയിൻ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്പ് ഉപയോക്തൃസൗഹൃദവും ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതുമാണ്. തത്സമയ ട്രെയിൻ ട്രാക്കിംഗ് യാത്രക്കാർക്ക് ട്രെയിൻ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്നു. കോച്ച്‌ നമ്പർ പരിശോധന, യാത്രയ്ക്കിടെ ഭക്ഷണം ഓർഡ് ചെയ്യാനും ഈ ആപ്പ് ഉപയോഗിച്ചാല്‍ മതി. യാത്രയ്ക്കിടെ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഈ ആപ്പ് വഴി അറിയിക്കാം.