കടുത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ എത്തുന്നു; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ ചൂട് അസഹനീയമായി തുടരുന്നതിനിടെ ആശ്വാസമായി കേരളത്തിൽ വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മറ്റന്നാൾ യെല്ലോ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.