ടെലഗ്രാമിൽ ടോവിനോ ചിത്രം എ ആർ എമ്മിൻ്റെ വ്യാജ പതിപ്പ് പ്രചരണം; അന്വേഷണമാരംഭിച്ച് കൊച്ചി സൈബർ പോലീസ്

കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയതില്‍ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബര്‍ പോലീസ്.

സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിലാണ് അന്വേഷണം. സിനിമയുടെ വ്യാജപതിപ്പുകള്‍ തടയാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു.

തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്. ഇന്നലെ ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ലാല്‍ കൊച്ചി സൈബര്‍ പോലീസില്‍ മെയില്‍ മുഖേന പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി ഇന്ന്
പോലീസ് രേഖപ്പെടുത്തി.

അതേസമയം സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് ഫിയൊക്കിന്റെ നിലപാട്.സര്‍ക്കാര്‍ ഇടപെട്ട് ടെലഗ്രാം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഫിയോക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് ഷേണായ് പറഞ്ഞു.

നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാളെ കൊച്ചി സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ആ സംഘത്തെ കേന്ദ്രീകരിച്ച് തന്നെയാണ് പോലീസ് അന്വേഷണം.