ഇതിന്റെ രുചിയറിഞ്ഞവര്‍ വാങ്ങാൻ ക്യൂ നില്‍ക്കും; കിലോയ്ക്ക് വില 220 രൂപ; പഴത്തിന് മാത്രമല്ല കുരുവിനും വൻ ഡിമാൻഡ്; കുഞ്ഞൻ ആണെങ്കിലും കേമനാണ് ആഞ്ഞിലിച്ചക്ക

ആലപ്പുഴ : നാട്ടുരുചി പകരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ആവശ്യക്കാർ കൂടിയതോടെ വിലയും കുതിച്ചുയർന്നു.

ഒരു കിലോഗ്രാമിന് 220രൂപയാണ് ഇപ്പോഴത്തെ വില.
വലിപ്പമുള്ളതാണെങ്കില്‍ നാല് ചക്കമതി ഒരു കിലോ തികയാൻ. നല്ല വരിക്ക ചക്കയ്ക്ക് നാട്ടിൻപുറങ്ങളില്‍ കിലോയ്ക്ക് 50രൂപയുള്ളപ്പോഴാണ് ആഞ്ഞിലിച്ചക്കയുടെ തീവില.

മൂവാറ്റുപുഴയില്‍ നിന്നാണ് ആലപ്പുഴയിലേക്ക് ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ വരവ്. കഴിഞ്ഞ പത്തുവർഷമായി സീസണ്‍തോറും ആഞ്ഞിലിച്ചക്ക വില്‍പ്പന നടത്തുന്ന കോഴിക്കോട് സ്വദേശി റഷീദാണ് ആലപ്പുഴയിലെ വ്യാപാരികളിലൊരാള്‍.

സ്‌കൂള്‍ അവധി സമയത്താണ് ആഞ്ഞിലിച്ചക്ക പഴുക്കുന്നത്.
ആഞ്ഞിലിമരങ്ങളില്‍ കയറി കുട്ടികള്‍ ചക്ക പറിച്ചെടുക്കുന്നത് മുൻകാലങ്ങളില്‍ നാട്ടിൻപുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.

കേരളത്തില്‍ ഭക്ഷ്യദൗർലഭ്യം രൂക്ഷമായിരുന്ന കാലത്തെ പ്രധാനഭക്ഷണവുമായിരുന്നു ഇത്. വിളവായ ആഞ്ഞിലിച്ചക്കയുടെ പുഴുക്കും തോരനും മലയാളിയുടെ വർഷകാലഭക്ഷണത്തിലെ പ്രധാന ഇനങ്ങളുമായിരുന്നു.

ചുളയ്ക്ക് പുറമേ ആഞ്ഞിലിക്കുരുവെന്ന വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. പാക്കറ്റുകളിലാക്കി സൂപ്പർമാർക്കറ്റുകളിലാണ് ഇന്ന് അവയുടെ സ്ഥാനം.