ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 13ന്; ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല; 12ന് വൈകുന്നേരം മുതല്‍ മദ്യനിരോധനം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം മാർച്ച്‌ 13ന് നടക്കും.

ഉത്സവത്തോടനുബന്ധിച്ച്‌ 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച്‌ 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉല്‍സവദിവസങ്ങളിലു൦, പ്രത്യേകിച്ച്‌ പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങള്‍ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.