ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ സമൂഹ വിവാഹത്തിന്റെ പേരില്‍ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി.
വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞിരുന്നു.
എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സല്‍സ്‌നേഹഭവൻ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് പരാതി നല്‍കിയത്.
‘ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കില്‍ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും കുടിവെള്ളം പോലും ലഭിച്ചില്ല. എന്നാല്‍ ഒരു ഗ്രാം താലിയും വധൂ വരൻമാർക്കുള്ള വസ്ത്രവും മാത്രമേ ഉള്ളൂവെന്നാണ് സംഘാടകരുടെ വിശദീകരണം. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.
