തിരുവനന്തപുരം: സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ സ്മരണാർത്ഥം സപ്ലൈകോ നോട്ടുബുക്കുകള്‍ ഇറക്കുന്നു.ആലിൻ ഷെറിന്റെ പേരിലാണ് ഈ വർഷത്തെ നോട്ടുബുക്കുകള്‍ സപ്ളൈകോ പുറത്തിറക്കുന്നത്.
ആലിൻ ബ്രാൻഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നാളെ ഉച്ചയ്ക്ക് 1.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിർവഹിക്കും. മേയർ വി.കെ മിനിമോള്‍ അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാം, ഷെറിൻ ആൻ ജോണ്‍ എന്നിവരെ ആദരിക്കും.
ടി.ജെ വിനോദ് എംഎല്‍എ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗണ്‍സിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറല്‍ മാനേജർ എം യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചത് തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ്. അവരെയും യോഗത്തില്‍ അനുമോദിക്കും.
