കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളില്‍ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട.
ഏപ്രില്‍ മുതല്‍ എല്ലാ ബസുകളിലും ഓണ്‍ലൈൻ ടിക്കറ്റിംഗ് സംവിധാനം വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യു.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.
ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കാശ് നല്‍കാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. ഇന്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളില്‍ ഓഫ്‌ലൈനായും ക്യു.ആർ കോഡ് ഉപയോഗിച്ച് ടിക്കറ്രെടുക്കാം.
കെ.എസ്.ആർ.ടി.സി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ളിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകള്‍ ലഭ്യമാക്കുക. നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും.
ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനുകള്‍ വാങ്ങാൻ കെ.എസ്.ആർ.ടി.സി പണം കണ്ടെത്തേണ്ടതില്ല. ആവശ്യമായ മെഷീനുകള്‍ ചലോ മൊബിലിറ്റി കമ്പനി ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുകയ്ക്കായി കമ്പനിക്ക് ഓരോ ടിക്കറ്റില്‍ നിന്നും 13 പൈസ വീതം നല്‍കണം.
സിംകാർഡ്, പേപ്പർറോള്‍, ഡിപ്പോകളിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ, സെർവർ എന്നിവയും കമ്പനി ലഭ്യമാക്കും.
ചലോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ട്രെയിൻ ടിക്കറ്റിന് സമാനമായി കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും നല്‍കിയാല്‍ ടിക്കറ്റ് നിരക്ക് കാണിക്കും. ബസില്‍ ജി.പി.എസ് സംവിധാനമുള്ളതിനാല്‍ സർവീസ് വൈകുന്നുണ്ടോ, കൃത്യത പാലിക്കുന്നുണ്ടോ, എവിടെ എത്തി തുടങ്ങിയ വിവരങ്ങള്‍ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് നിരീക്ഷിക്കാനാകും.
