കാലാവധി കഴിഞ്ഞതോ കേടായതോ ആയ യന്ത്രങ്ങള്‍; അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പണിമുടക്കില്‍; ദുരിതങ്ങളുടെ നടുവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജും രോഗികളും

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം, സിടി സ്കാന‍ര്‍ എന്നിവ പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലധികമായി.

ദിവസേന നൂറ് കണക്കിന് രോഗികളാണിവിടെ ചികിത്സക്കായി എത്തുന്നത്. മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ വന്‍തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.

ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്. സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം രണ്ട് വര്‍ഷമായി പ്രവര്‍ത്തന രഹിതമാണ്. നിലവില്‍ 1500 രൂപ മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.

സ്വകാര്യമേഖലയില്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ജില്ലയാണ് ആലപ്പുഴ. അത് കൊണ്ട് തന്നെ ദേശീയപാതയോരത്തോട് ചേര്‍ന്ന് കിടക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജാണ് വിദഗ്ധ ചികിത്സക്ക് ജനങ്ങളുടെ ഏക ആശ്രയം.

പക്ഷേ പല വകുപ്പുകളിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പണിമുടക്കിലാണ്.
ഒന്നുകില്‍ കാലാവധി കഴിഞ്ഞത്, അതല്ലെങ്കില്‍ കേടായ നിലയിലാണ് ഉപകരണങ്ങള്‍.