ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായ എല്‍വിഎം 3 എം 5, നാവിക സേനയുടെ നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 യെ വിജയകരമായി ബഹിരാകാശത്തെത്തിച്ചു.
വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി എല്‍വിഎം 3 കുതിച്ചുയർന്നത്. ഈ വിക്ഷേപണം ഐഎസ്‌ആർഒയുടെ കരുത്തുറ്റ റോക്കറ്റിന്റെ പരാജയമറിയാത്ത ജൈത്രയാത്ര തുടരുകയാണ്.
ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള ആദ്യത്തെ എല്‍വിഎം 3 മിഷനാണ് ഇത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്‌ആർഒയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ് വീണ്ടും ബഹിരാകാശത്തേക്ക് കുതിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ദൗത്യമായതിനാല്‍, വിക്ഷേപണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഉപഗ്രഹത്തിന്റെ ചിത്രങ്ങളും ഐഎസ്‌ആർഒ പുറത്തുവിട്ടിട്ടില്ല. ഇനിയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ക്ക് ഈ രീതി തുടരാനാണ് സാധ്യത.
ലോഞ്ച് ബ്രോഷറിലും ഉപഗ്രഹത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
