സിപിഐഎം-ബിജെപി ഡീൽ എന്നത് ആരോപണമല്ല, വസ്തുത; അടൂർ പ്രകാശ് എംപി

സിപിഐഎം-ബിജെപി ഡീൽ എന്നത് ആരോപണമല്ല, വസ്തുതയെന്ന് അടൂർ പ്രകാശ് എം പി. ഡീലിന് പിന്നിലെ വസ്തുത എന്തെന്ന് ഫലം വരുമ്പോൾ ബോധ്യമാകും. സ്വർണക്കൊളള ഉന്നിയിക്കുന്നതിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ലെന്നും, കോൺഗ്രസ് മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പാലക്കാട് മുതൽ നേമം വരെ ഡീൽ ഉണ്ട്. വി ശിവൻകുട്ടിയെ മോശക്കാരനായി കാണുന്നില്ല, എങ്കിലും കാത്തിരുന്ന് കാണാമെന്ന് അടൂർ പ്രകാശ് പറഞ്ഞു. സ്വർണക്കൊളള നടത്തിയവരെ സംരക്ഷിക്കാൻ സർക്കാർ തന്ത്രപരമായ നീക്കം നടത്തിയെന്ന് അടൂർ പ്രകാശ് ആരോപിച്ചു. അതിന്റെ ഫലമായാണ് പ്രതികൾക്ക് ജാമ്യം കിട്ടിയത്.

ഇന്നയാൾ മുഖ്യമന്ത്രിയാകുമെന്നുളള ചില നേതാക്കളുടെ പ്രതികരണം കാര്യമായെടുക്കേണ്ടതില്ല. സിപിഐഎമ്മിനെ പോലെയല്ല, കോൺഗ്രസിന് തീരുമാനം എടുക്കാൻ സംവിധാനമുണ്ട്. സിപിഐഎമ്മിൽ എല്ലാം ഒരാളാണ് നിശ്ചയിക്കുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കേരളത്തിലെ ഇന്നത്തെ ഒരു സാഹചര്യം വെച്ച് യുഡിഎഫ് നൂറ് സീറ്റിൽ കുറയാതെ വിജയിച്ചുകൊണ്ട് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.