തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി സമയത്ത് സ്കൂള്‍ ബസ് ഓടിക്കാൻ പോവുക, പണാപഹരണം തുടങ്ങി കുറ്റങ്ങള്‍ ചെയ്ത കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെൻഷൻ.
ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവര്‍മാരെയും മൂന്ന് കണ്ടക്ടര്‍മാരെയും വിജിലൻസ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിര്‍വഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാൻ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എയു ഉത്തമനെ സസ്‌പെൻഡ് ചെയ്തത്.
ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്തത്.
