ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി; പിന്നാലെ നടന്ന അപകടത്തില്‍ കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം; മരിച്ചത് പൂവന്‍തുരുത്ത് സ്വദേശി

കോട്ടയം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം.

പൂവന്‍തുരുത്ത് സ്വദേശി എം ജെ സാമുവേല്‍ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പുതുപ്പള്ളി – കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് പാറപ്പ വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേകബ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പൂവന്‍തുരുത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നെത്തല്ലൂര്‍ ഭാഗത്ത് നിന്നുമാണ് സാമുമേല്‍ ബൈക്കില്‍ കയറിയത്.

തോട്ടയ്ക്കാട് പാറപ്പ വളവില്‍ വച്ച്‌ എതിര്‍ ദിശയില്‍ നിന്നും എത്തിയ കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ സാമുവലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.