കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഉടമ ഒരു ദിവസത്തെ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി നൽകുന്നു. മൂഴിപ്പാറ ട്രാവൽസിന്റെ 7 ബസുകളുടെ ഇന്നത്തെ കളക്‌ഷൻ തുകയാണ് വയനാട് ദുരിത ബാധിതർക്കു നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം-ചങ്ങനാശേരി, കോട്ടയം-ഞാലിയാകുഴി, കോട്ടയം-കുമരകം എന്നീ റൂട്ടുകളിൽ മൂഴിപ്പാറ, സെന്റ് ജോൺസ് എന്നീ പേരുകളിൽ 7 ബസുകളാണ് സർവീസ് നടത്തുന്നത്. ഈ ബസുകളുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചു.
ബസുടമ കൊച്ചുമോൻ മൂഴിപ്പാറയുടെ ആശയം ജീവനക്കാർ അംഗീകരിക്കുകയായിരുന്നു. 14 ജീവനക്കാരുടെ ശമ്പളവും അവർ സംഭാവന നൽകും. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷൻ ബക്കറ്റുകളിലാണ് ഇന്ന് ബസുകളിൽ യാത്ര ചെയ്യുന്നവർ നൽകുന്ന തുക സ്വീകരിക്കുന്നത്. ഈ തുക കളക്ടർക്ക് കൈമാറും.
