ചെലവേറിയ ട്രീറ്റ്‌മെന്റിന് പകരം ഗ്ലൂട്ടത്തയോണ്‍ ഭക്ഷണത്തിലൂടെ; ഗ്ലൂട്ടത്തയോണ്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ

കോട്ടയം: കോസ്‌മെറ്റിക് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗ്ലൂട്ടത്തയോണ്‍ ഇപ്പോള്‍ “മാസ്റ്റർ ആന്റിഓക്‌സിഡന്റ്” എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു.

ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതിനാല്‍ ഗ്ലൂട്ടത്തയോണ്‍ ട്രീറ്റ്‌മെന്റിനുള്ള ആവശ്യം ദിവസേന കൂടുകയാണ്. എന്നാല്‍ ഈ ചികിത്സ ചെലവേറിയതായതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല. പക്ഷേ, ഗ്ലൂട്ടത്തയോണ്‍ ധാരാളമുള്ള ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കും.

അവക്കാഡോ:
ഫൈബറും ആന്റിഓക്‌സിഡന്റുകളും സമൃദ്ധമായി അടങ്ങിയ അവക്കാഡോയില്‍ ഗ്ലൂട്ടത്തയോണ്‍ ധാരാളം ഉണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമോ മലിനീകരണത്താലോ ചര്‍മത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. ദിവസേന അവക്കാഡോ കഴിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യും. സ്മൂത്തി, സാലഡ് എന്നിവയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ബ്രൊക്കോളി:
ഗ്ലൂട്ടത്തയോണ്‍ സമൃദ്ധമായ മറ്റൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ചര്‍മത്തിലെ ഇരുണ്ട പാടുകള്‍ അകറ്റാനും ഇത് സഹായിക്കുന്നു. വിറ്റമിന്‍ സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കും.

വെളുത്തുള്ളി:
ഗ്ലൂട്ടത്തയോണ്‍ അടങ്ങിയിട്ടുള്ള വെളുത്തുള്ളി രുചിവര്‍ധകമെന്നതിലുപരി ചര്‍മാരോഗ്യത്തിനും ഗുണകരമാണ്. ചര്‍മത്തിലെ വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അതിലെ ആന്റിബാക്ടീരിയല്‍ ഗുണം ചര്‍മത്തിലെ അണുബാധകള്‍ തടയും.

തക്കാളി:
ഗ്ലൂട്ടത്തയോണ്‍ ധാരാളമുള്ള തക്കാളിയില്‍ ലൈകോപിന്‍ എന്ന ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ ദോഷം കുറയ്ക്കാനും ചര്‍മം വിഷമുക്തമാക്കാനും തക്കാളി സഹായിക്കും. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചുളിവുകള്‍ അകറ്റുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യും.

തണ്ണിമത്തന്‍:
വെള്ളത്തിന്റെ അളവില്‍ സമ്പന്നമായ തണ്ണിമത്തന്‍ ശരീരത്തിന് ഈര്‍പ്പം നല്‍കുന്നതോടൊപ്പം വിറ്റമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചര്‍മം തിളങ്ങാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനുമായി നിത്യാഹാരത്തില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കോളിഫ്‌ളവര്‍:
ഗ്ലൂട്ടത്തയോണ്‍ ധാരാളം അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. ഇതിലെ വിറ്റമിന്‍ സി കരളിനെ വിഷമുക്തമാക്കുകയും ശരീരത്തിലെ ദോഷകരമായ വസ്തുക്കള്‍ പുറത്താക്കുകയും ചെയ്യുന്നു. കോളിഫ്‌ളവര്‍ സ്ഥിരമായി കഴിക്കുന്നത് ചര്‍മത്തിന്റെ തിളക്കവും നിറവും നിലനിര്‍ത്താന്‍ സഹായിക്കും.

ഗ്ലൂട്ടത്തയോണ്‍ ട്രീറ്റ്‌മെന്റിന് പകരമായി ഈ ഭക്ഷണങ്ങള്‍ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായി തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം നേടാന്‍ മികച്ച വഴിയാണ്.