രാജ്യത്ത് ആധാര്‍ വേരിഫിക്കേഷൻ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ പാസ്പോര്‍ട്ടിന് സമാനമായ രീതിയില്‍ ഫിസിക്കല്‍ വെരിഫിക്കേഷൻ നടത്താനാണ് യുഐഡിഎഐയുടെ തീരുമാനം.
ആദ്യ ഘട്ടത്തില്‍ അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കുന്നതാണ്. അതിനുശേഷം മാത്രമാണ് സര്‍വീസ് പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷൻ നടപടി ആരംഭിക്കുകയുള്ളൂ. അതത് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷൻ നടപടികള്‍ നടപ്പിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവരാണ് ഫിസിക്കല്‍ വെരിഫിക്കേഷന് നേതൃത്വം നല്‍കുക. അതേസമയം, സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന വെരിഫിക്കേഷൻ റിക്വസ്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ചുമതല സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കുന്നതാണ്.
ഫിസിക്കല്‍ വെരിഫിക്കേഷനും, പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷനും കൃത്യമായി പരിശോധിച്ച ശേഷം 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങളാണ് ഒരുക്കുക.
